2012 മാർച്ച് 20, ചൊവ്വാഴ്ച

സഭാ തര്‍ക്കം ജനഹിത പരിശോധന തന്നെ പരിഹാര മാര്‍ഗം





  •  ജനഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‍സ്‌-യാക്കോബായ സഭ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടണമെന്ന പൊതു നിര്‍ദ്ദേശത്തിനെതിരായ ഓര്‍ത്തഡോക്‍സ്‌  സഭാ മെത്രാപ്പോലീത്ത മോര്‍ തോമസ്‌ അത്താനാസിയോസിന്റെ നിലപാട് തികച്ചും നിര്‍ഭാഗ്യകരം. 
  • സഭാ തര്‍ക്കങ്ങള്‍ 1934-ലെ ഭരണഘടന പ്രകാരം മാത്രം  തീര്‍പ്പ് കല്‍പ്പിക്കപ്പെടണമെന്ന  ഓര്‍ത്തഡോക്‍സ്‌ വ്യാമോഹം അപക്വവും നിയമപരമായി നിലനില്‍ക്കാത്തതുമാണ്. ഓര്‍ത്തഡോക്‍സ്‌ സഭയുടെ വൈദിക ട്രസ്ടി ജോണ്‍ എബ്രഹാം കോര്‍ എപ്പിസ്കോപ്പയുടെ സ്വന്തം ഇടവക പള്ളിയില്‍ പോലും നടപ്പിലാക്കാന്‍ കഴിയാത്ത 1934-ലെ ഭരണഘടന എന്തിനാണ് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ   മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ?
  •  ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 26-പ്രകാരം ഏതൊരു മത സ്ഥാപനവും ഇന്ത്യന്‍ നിയമത്തിനു വിധേയമായി മാത്രമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത് .   1934 -ല്‍ ഓര്‍ത്തഡോക്‍സ്‌ സഭാ ഭരണഘടന രൂപം കൊള്ളുന്നതിനു മുന്‍പ്  ഇരുപതു നൂറ്റാണ്ടുകളായി സഭ നിലനിന്നു പോന്നത് ഒരു ഭരണഘടനയുടെയും  അടിസ്ഥാനത്തില്‍ ആയിരുന്നില്ല എന്നത് ഓര്‍മ്മിക്കുക. നിത്യ പ്രാര്‍ത്ഥനയോടു ഒപ്പം ചൊല്ലുന്ന വിശ്വാസപ്രമാണത്തില്‍ "1934-ലെ ഭരണഘടനയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു"എന്ന് ഏതെങ്കിലും വിശ്വാസി ചൊല്ലുന്നുണ്ടോ? മലങ്കര അസോസിയേഷന്‍ രൂപം കൊണ്ടത്‌ പതിനെട്ടാം നൂറ്റാണ്ട് അവസാനം മാത്രം . 
  • അസോസ്സിയേഷന് രൂപം കൊടുത്തതില്‍ പങ്കാളികളായ വ്യക്തികള്‍ക്കോ,സംഘടനകള്‍ക്കോ,അസ്സോസ്സിയേഷനില്‍  നിന്നും വിട്ടു പോകുവാനും വേറെ അസോസിയേഷന് രൂപം കൊടുക്കുവാനും ഉള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൌലികാവകാശത്തിന്റെ ഭാഗമാണെന്നു കേരള ഹൈക്കോടതി തന്നെ വിധി പ്രസ്താവിച്ചിട്ടുണ്ട് എന്നത് നാം മറക്കരുത്. 
  • പള്ളികളോ ആരാധനാലയങ്ങളോ,സ്വകാര്യ ട്രസ്ടുകളല്ല , പബ്ലിക്ക് ട്രസ്റ്റുകള്‍ ആണെന്ന്  ഇന്ത്യയുടെ പരമോന്നത നീതി പീഠം അടുത്ത കാലത്ത് പുറപ്പെടുവിച്ച വിധിന്യായം ഏറെ പ്രസക്തം ആണ്.  ബ:സുപ്രീം കോടതിയുടെയും ,ഹൈക്കോടതിയുടെയും സുപ്രധാനങ്ങളായ ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആണ്  അടുത്ത കാലത്ത്  പുത്തന്‍കുരിശു, കണ്ടനാട്, പഴംതോട്ടം പള്ളി കേസുകളില്‍ ഓര്‍ത്തഡോക്‍സ്‌ സഭയുടെ മുനതേഞ്ഞു  പോയ " 1934- ഭരണഘടനാ വാദം" നിരാകരിച്ചു പള്ളികള്‍ സ്ഥാപിച്ച ഭൂരിപക്ഷം വരുന്ന യാക്കോബായ സഭാ വിശ്വാസികള്‍ക്ക് പള്ളി വിട്ടു കൊടുത്തുകൊണ്ട് തീരുമാനം ഉണ്ടായതു.
  •  ജനാധിപത്യ വ്യവസ്ഥിതി നില നില്‍ക്കുന്ന ഒരു രാജ്യത്ത് ജനഹിതത്തെ ധിക്കരിക്കാന്‍ ഈ വലിയ നോമ്പ് കാലത്ത് ഒരു പുരോഹിത ശ്രേഷ്ടന്‍ സര്‍ക്കാരിനോടും പൊതു സമൂഹത്തോടും ആവശ്യപ്പെടുന്നതില്‍ കൂടി ആരാണ് ചെറുതാവുന്നത്‌ എന്ന് ചിന്തിക്കൂ. ബ: ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പിറവം പള്ളിയില്‍ നടത്തിയ " ജനഹിത പരിശോധനയില്‍ " ഭൂരിപക്ഷം ലഭിച്ച യാക്കോബായ സഭ ആണ്  ഇപ്പോള്‍ പിറവം വലിയ പള്ളി ഭരിക്കുന്നത്‌ എന്നത്  എന്തെ ഈ പുരോഹിത ശ്രേഷ്ടന്‍ മറന്നത് .ഇതേ മാര്‍ഗം തര്‍ക്കം ഉള്ള പള്ളികളിലും,സ്ഥാപനങ്ങളിലും സ്വീകരിച്ചു സഭാ  തര്‍ക്കങ്ങള്‍ സമാധാനപൂര്‍വ്വം പരിഹരിക്കണമെന്ന പൊതു നിര്‍ദ്ദേശത്തോട് ഇരു കക്ഷികളും യോജിക്കുകയാണ് വേണ്ടത്.
  •     വിശ്വാസത്തെക്കാള്‍ ഉപരി പള്ളികളിലെ വിലമതിക്കാത്ത സമ്പത്താണ്‌ ഈ നിലപാട് സ്വീകരിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് എന്നതാണ് ശരി.  " നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ഉണ്ടാകട്ടെ" എന്ന്  വി: മദ്ബഹയില്‍ നിന്നും പുരോഹിതന്‍ പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് കല്‍പ്പിക്കുമ്പോള്‍ " അവിടത്തെ ആത്മാവിനും ഉണ്ടാകട്ടെ എന്ന് പറയാന്‍ ജനം ഇല്ലാത്ത പള്ളികളില്‍ എന്തിനാണ് ഓര്‍ത്തഡോക്‍സ്‌  സഭ അതിമോഹം വച്ചു പുലര്‍ത്തുന്നത്?  
  • സ്വപ്ന ലോകത്തില്‍ നിന്നും പുറത്തു വന്നു കൂടുതല്‍ പക്വത ഉള്ള നിലപാട് സ്വീകരിച്ചു ആരാധനാലയങ്ങളെ കലാപ വിമുക്തമാക്കാന്‍ ഈ പുരോഹിത ശ്രേഷ്ടര്‍ക്ക്  സല്‍ബുദ്ധി ഉണ്ടാകാന്‍ ഈ വലിയ നോമ്പുകാലത്ത് നമുക്ക് പ്രാര്‍ത്ഥിക്കാം.           

     ജനഹിത പരിശോധന: തെറ്റിദ്ധരിപ്പിക്കാനെന്ന് മാര്‍ അത്തനാസിയോസ്

ചെങ്ങന്നൂര്‍. സഭാതര്‍ക്കത്തില്‍ ജനഹിതം പരിശോധിക്കണമെന്നുള്ള യാക്കോബായ വിഭാഗത്തിന്റെ വാദം പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും വസ്തുതകളില്‍നിന്ന് ഒളിച്ചോടാനുമുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്ന് ഓര്‍ത്തഡോക്സ് സഭ സീനിയര്‍ മെത്രാപ്പൊലീത്ത അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ്.
ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഉള്‍പ്പെടെ എല്ലാവരെയും തിരഞ്ഞെടുക്കുന്നതും ഓരോ വര്‍ഷവും ഇടവകകള്‍ ഭരിക്കപ്പെടുന്നതും ജനഹിതം അനുസരിച്ചുതന്നെയാണ്.  1934ലെ സഭാ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ രൂപീകരിച്ചത് ജനഹിതത്തെ മാനിച്ചാണ്. ഇന്ത്യന്‍ ഭരണഘടന മാറ്റിവച്ച് ആര്‍ക്കും ഇന്ത്യയില്‍ ജനഹിത പരിശോധന നടത്താന്‍ സാധിക്കാത്തതുപോലെ സഭാ ഭരണഘടന മാറ്റിവച്ച് ആര്‍ക്കും മലങ്കരസഭയില്‍ ജനഹിത പരിശോധന നടത്തുവാന്‍ കഴിയുകയില്ല.   സഭാ ഭരണഘടനയുടെ സാധുതയും ആധികാരികതയും അത് അംഗീകരിക്കപ്പെടേണ്ടുന്നതിന്റെ ആവശ്യകതയും ഭാരതത്തിന്റെ പരമോന്നത നീതിപീഠം ഊന്നിക്കാണിച്ച് പലവട്ടം വിധി പ്രസ്താവിച്ചതാണ്.
എന്നാല്‍ കോടതിവിധികള്‍ നടപ്പാക്കാന്‍ ഉള്ള ഇച്ഛാശക്തിയും പ്രതിബദ്ധതയും, ധൈര്യമില്ലാത്ത സര്‍ക്കാരുകളുടെ മൃദുസമീപനവുമാണ് ഇത്തരം അര്‍ഥമില്ലാത്ത പ്രസ്താവനകള്‍ക്ക് ശക്തി നല്‍കുന്നതെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.

2012 ജനുവരി 14, ശനിയാഴ്‌ച

മലങ്കരയിലെ 'എഴുത്തച്ചന്‍'



യേശുവും പ്രാചീന സിറിയന്‍ ഭിക്ഷുക്കളും സംസാരിച്ചിരുന്ന അരമായ സുറിയാനി ഭാഷ അറിയാനും കൈകാര്യം ചെയ്യാനും കഴിവുള്ള ഏതാനും പേരേ ലോകത്തു തന്നെ ഉള്ളൂ. അതിലൊരാള്‍ കേരളത്തിലാണ്‌- മലങ്കര മല്‍പാന്‍ കണിയാംപറമ്പില്‍ ഡോ.കുര്യന്‍ കോറെപ്പിസ്‌കോപ്പ. ശിഷ്യന്മാരും ആരാധകരും ഒരേപോലെ കണിയാംപറമ്പിലച്ചന്‍ എന്ന്‌ ആദരപൂര്‍വം വിളിക്കുന്ന അദ്ദേഹം നൂറാം വയസിന്റെ നിറവിലേക്കടുക്കുന്നു.

ഭാഷയുടെ ഉപാസകനാകാനാണ്‌ തന്റെ ജന്മം എന്ന്‌ കുട്ടിക്കാലത്തേ തെളിയിച്ച അപൂര്‍വ വ്യക്‌തിത്വമാണ്‌ അച്ചന്‍. 15-ാം വയസില്‍ അദ്ദേഹം ഞായറാഴ്‌ച പ്രഭാത നമസ്‌കാരം സുറിയാനിയില്‍ നിന്ന്‌ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി. ഇന്നു ലോകമെമ്പാടുമുള്ള യാക്കോബായ-ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ ഞായറാഴ്‌ച കേള്‍ക്കുന്ന പ്രഭാത ഗീതങ്ങള്‍ അച്ചന്‍ ഭാഷാന്തരം ചെയ്‌തതാണ്‌. സുറിയാനിയില്‍ മാത്രമല്ല, മലയാളം കൂടാതെ ഇംഗ്ലീഷ്‌, സംസ്‌കതൃതം, ഹിന്ദി, മലയാളം, തമിഴ്‌, കന്നട തുടങ്ങിയ ഭാഷകളിലുള്ള പാടവം ആരെയും വിസ്‌മയിപ്പിക്കും.


പലതരം ബൈബിള്‍ വിവര്‍ത്തനങ്ങള്‍ മലയാളത്തിലുണ്ടെങ്കിലും പ്രാചീന അല്‍മായ(പ്‌ശീത്തോ) സമ്പൂര്‍ണ ബൈബിള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌തതിന്റെ ബഹുമതി കണിയാംപറമ്പില്‍ അച്ചനുമാത്രമാണ്‌. 1994ലായിരുന്നു ഈ അപൂര്‍വ സമ്മാനം അദ്ദേഹം മലയാളത്തിനു നല്‍കിയത്‌. സുറിയാനി ഭാഷയെയും പാരമ്പര്യത്തെയും സ്‌നേഹിക്കുന്നവര്‍ക്ക്‌ കണിയാംപറമ്പിലച്ചന്‍ വഴിയമ്പലമാണ്‌. സുറിയാനി പൈതൃകം, സുറിയാനിസഭ, വേദ പാരമ്പര്യം, ഭാഷ എന്നിവ സംബന്ധിച്ച്‌ അദ്ദേഹത്തിന്റെ രചനകളുടെ ഔന്നത്യം സീനായ്‌ ഗിരിയോളം.


സുറിയാനി ഇംഗ്ലീഷ്‌ നിഘണ്ടു തയാറാക്കാന്‍ ഈ മലയാളിതന്നെ വേണ്ടിവന്നുവെന്നത്‌ അദ്ദേഹത്തിന്റെ സുറിയാനി ഭാഷയിലെ വൈദഗ്‌ധ്യം വെളിപ്പെടുത്തുന്നു. ഇതിനെല്ലാം മകുടം ചാര്‍ത്തിക്കൊണ്ട്‌ മര്‍ഗോനിനോ എന്ന പേരില്‍ സുറിയാനിയില്‍ നോവലും രചിച്ചു. പുതിയ നിയമ വ്യഖ്യാനം, സിറിയക്‌ റീഡര്‍ ആന്‍ഡ്‌ മെഡിറ്റേറ്റീവ്‌ ലക്‌ചേഴ്‌സ്, പരിശുദ്ധ കൊച്ചുതിരുമേനി, ആലുവായിലെ വലിയ തിരുമേനിയുടെ ജീവചരിത്രം, 1001 പ്രഭാഷണങ്ങള്‍, രക്ഷപ്പെടുവാന്‍ നീ എന്തു ചെയ്യണം- എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തത്ര രചനകള്‍ വേറേ.


പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവാമാര്‍ക്കും കിഴക്കിന്റെ കാതോലിക്കമാര്‍ക്കും പ്രിയപ്പെട്ടവനും ഗുരുസ്‌ഥാനീയന്‍. വിശ്വാസികളായ സഭാംഗങ്ങള്‍ക്ക്‌ നല്ലൊരു സുഹൃത്തും വഴികാട്ടിയും. ഉത്തമ കുടുംബനാഥനും പേരക്കുട്ടികള്‍ക്കും അവരുടെ മക്കള്‍ക്കും വാല്‍സല്യനിധിയായ കാരണവരും. അന്തോഖ്യയിലെ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭ ഏറെ ആദരപൂര്‍വം ബഹുമാനിക്കുന്ന വിശിഷ്‌ട വ്യക്‌തി. അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ മാനിച്ച്‌ സഭാപിതാക്കന്മാര്‍ നിരവധി ബഹുമതികളും അംഗീകാരവും നല്‍കിയിട്ടുണ്ട്‌.


1913 ഫെബ്രുവരി 27ന്‌ കാഞ്ഞിരമറ്റത്ത്‌ ജനനം. മാതാപിതാക്കള്‍ പൗലോസും ഏലിയാമ്മയും. കാരിമറ്റം, മുളന്തുരുത്തി എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. ഏഴാംക്ലാസ്‌ പഠനം കഴിഞ്ഞ്‌ കോടനാട്‌ സീയോന്‍ ആശ്രമത്തിലെ ഔഗേന്‍ റമ്പാന്റെ കീഴിലാണ്‌ സുറിയാനിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചത്‌. ഇതിനു ശേഷമാണ്‌ ഞായറാഴ്‌ചത്തെ പ്രഭാത ഗീതങ്ങള്‍ രചിച്ചത്‌.


സി.എം.എസ്‌. കോളജില്‍ പഠനത്തിനു ശേഷം 1931ല്‍ വിവാഹം. മുളന്തുരുത്തി കാട്ടുമങ്ങാട്ട്‌ കട്ടപ്പിള്ളില്‍ സാറാമ്മയായിരുന്നു വധു. ഇക്കാലത്താണ്‌ സുറിയാനി വ്യാകരണ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌. അടുത്തവര്‍ഷം പരിശുദ്ധ പൗലോസ്‌ മോര്‍ അത്താനാസിയോസ്‌ (ആലുവായിലെ വലിയ തിരുമേനി) കശീശയായി (വൈദികന്‍) ഉയര്‍ത്തി. 1932ല്‍ പരിശുദ്ധ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവ (മഞ്ഞനിക്കര) മലങ്കരയില്‍ എത്തിയപ്പോള്‍അദ്ദേഹത്തിന്റ

െ സെക്രട്ടറിയായിരിക്കാനും അപൂര്‍വഭാഗ്യമുണ്ടായി. മൂന്നുവര്‍ഷം കഴിഞ്ഞ്‌ തിരുവല്ല കട്ടപ്രത്ത്‌ പള്ളി വികാരി. അവിടെ 24 വര്‍ഷം. 1959ല്‍ തിരുവല്ല സെന്റ്‌ ജോര്‍ജ്‌ സിംഹാസന പള്ളി വികാരിയായി. 2006ല്‍ സ്വദേശമായ കാഞ്ഞിരമറ്റത്തേക്ക്‌ താമസം മാറ്റുന്നതുവരെ തുടര്‍ന്നു.

1950ല്‍ 37-ാം വയസില്‍ കോറെപ്പിസ്‌കോപ്പയായി. വിവാഹിതനായ വൈദികന്‌ ലഭിക്കാവുന്ന ഉയര്‍ന്ന സ്‌ഥാനം. അന്ന്‌ മലങ്കരയിലെ അന്തോഖ്യാ സിംഹാസന സ്‌ഥാനപതിയായിരുന്ന ഏലിയാസ്‌ മോര്‍ യൂലിയോസ്‌ ബാവയാണ്‌ ഉയര്‍ത്തിയത്‌. പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവമാരായിരുന്ന അപ്രേം ഒന്നാമന്‍, യാക്കൂബ്‌ മൂന്നാമന്‍, സഖാ പ്രഥമന്‍ എന്നിവരില്‍ നിന്ന്‌ മെഡലും സ്‌ഥാനങ്ങളും ലഭിച്ചു.


സുറിയാനിയിലും വേദശാസ്‌ത്രത്തിലും ആരാധനാക്രമത്തിലും സഭാ ചരിത്രത്തിലും അച്ചന്റെ അവഗാഹവും അദ്ദേഹം ചെയ്‌ത സംഭാവനകളും മാനിച്ച്‌ 1978ല്‍ യാക്കൂബ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവ മലങ്കര മല്‍പാന്‍ (ഡോക്‌ടര്‍ ഓഫ്‌ മലങ്കര ചര്‍ച്ച്‌) പദവി നല്‍കി. സുറിയാനി വിജ്‌ഞാനപട്ടമായ കോനാട്ട്‌ മാത്തന്‍ മല്‍പാനുശേഷം പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ നിയമിച്ചാക്കിയ മലങ്കര മല്‍പ്പാന്‍. കോനാട്ട്‌ കുടുംബത്തിനു വെളിയില്‍ മലങ്കര മല്‍പാന്‍ ബഹുമതി ലഭിച്ച രണ്ടുപേരില്‍ ഒരാളും.


1982ല്‍ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ കോറൂസോ ദശറോറോ ബഹുമതിയും കാലം ചെയ്‌ത ശ്രേഷ്‌ഠ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവാ നാഥാനിയേല്‍ ബഹുമതിയും നല്‍കി. 1979ല്‍ സ്വീഡനിലെ സെന്റ്‌ എപ്രേം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്ന്‌ ഡോക്‌ടറേറ്റ്‌ ബഹുമതി. രചനകള്‍ക്കു പുറമേ നിരവധി പദവികളും വഹിച്ചു. ഓള്‍ ട്രാവന്‍കൂര്‍ സിറിയക്‌ അസോസിയേഷന്‍, ഓള്‍ മലങ്കര ക്ലേര്‍ജി അസോസിയേഷന്‍, സിറിയന്‍ ചര്‍ച്ച്‌ റിവൈവല്‍ മൂവ്‌മെന്റ്‌, 30 വര്‍ഷം മലങ്കര സിറിയന്‍ സണ്‍ണ്ടേ സ്‌കൂള്‍ അസോസിയേഷന്‍ ഡയറക്‌ടര്‍ ജനറല്‍.... ദ സിറിയന്‍ ചര്‍ച്ച്‌ ലീഫ്‌ലെറ്റ്‌സ്, ദ സിറിയന്‍ ചര്‍ച്ച്‌, മലങ്കര സഭാ മിത്രം, സിറിയന്‍ സന്ദേശം, അന്തോഖ്യന്‍ സന്ദേശം തുടങ്ങി നിരവധി സഭാ മാസികകളുടെ എഡിറ്റര്‍. കേരള, മഹാത്മഗാന്ധി സര്‍വകലാശാലകളുടെ സുറിയാനി വകുപ്പില്‍ 40 വര്‍ഷക്കാലം ബോര്‍ഡ്‌ അംഗമായിരുന്നു. 1977 മുതല്‍ 1994 വരെ തുടര്‍ച്ചയായും 2002ല്‍ പുതിയ അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ മുതല്‍ ഇപ്പോഴും യാക്കോബായ സഭയുടെ വൈദിക ട്രസ്‌റ്റിയായി പ്രവൃത്തിക്കുന്നു.


ഇതര സഭകളിലെ വൈദികര്‍ തുടങ്ങി ബിഷപ്പുമാര്‍വരെ അച്ചന്റെ ശിഷ്യരാണ്‌. വേള്‍ഡ്‌ ക്രിസ്‌ത്യന്‍ കൗണ്‍സില്‍ സമ്മേളനങ്ങളില്‍ പലതവണ പങ്കെടുത്തു. അമേരിക്കന്‍, യൂറോപ്യന്‍, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌..

2011 ഡിസംബർ 23, വെള്ളിയാഴ്‌ച

യാക്കോബായ സഭക്ക് നാല് പുതിയ മെത്രാന്മാര്‍

യാക്കോബായ സഭ നാലു പുതിയ ബിഷപ്പുമാരെ വാഴിക്കുന്നു കൊച്ചി: യാക്കോബായ സുറിയാനി സഭയില്‍ നാലു പുതിയ മെത്രാപ്പോലീത്തമാരെ വഴിക്കുന്നതിന്‌ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കിസ്‌ ബാവയുടെ അനുമതി. ജനുവരി ആദ്യവാരം പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയില്‍ തയാറാക്കിയ പന്തലില്‍ മെത്രാന്‍ വാഴ്‌ച നടക്കും. ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ വാഴ്‌ചാ ശുശ്രൂഷയ്‌ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഡോ. പുളിയന്‍ ഗബ്രിയേല്‍ റമ്പാന്‍ (വെങ്ങോല), ഫാ. സ്‌കറിയ കൊച്ചില്ലം (കുറിച്ചി), ഫാ. തോമസ്‌ നേര്യന്തറ (പാണമ്പടി), ഫാ. ജോഷി ചിറ്റേത്ത്‌ ചെമ്പകശേരി (നീണ്ടപാറ) എന്നിവരുടെയും ബന്യാമിന്‍ റമ്പാന്‍, റവ. ഡോ. ജോമി ജോസഫ്‌ തുടങ്ങിയ പേരുകളുമാണ്‌ സാധ്യതാ ലിസ്‌റ്റില്‍. അങ്കമാലി മേഖല സഹായ മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മോര്‍ സേവേറിയോസിന്റെ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള ഗബ്രിയേല്‍ റമ്പാന്‍ വെങ്ങോല ബദ്‌സയ്‌ദ അരമനയുടെ ചുമതല വഹിക്കുന്നു. ഫാ.ജോഷി ചിറ്റേത്ത്‌ നേര്യമംഗലം നീണ്ടപാറ ചെമ്പന്‍കുഴി സെന്റ്‌ ജോണ്‍സ്‌ ഇടവകാംഗമാണ്‌. ശെമ്മാശനായിരിക്കെ ദീര്‍ഘകാലം ദമാസ്‌കസില്‍ പരിശുദ്ധ പാത്രിയര്‍ക്കിസ്‌ ബാവയുടെ മലങ്കരകാര്യങ്ങളുടെ സെക്രട്ടറിയായി സേവനം ചെയ്‌തിട്ടുണ്ട്‌. കുറിച്ചി സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളി ഇടവകാംഗമാണ്‌ ഫാ. സ്‌കറിയ (ഷാജി) കൊച്ചില്ലം. ഫാ. തോമസ്‌ നേര്യന്തറ കോട്ടയം പാണമ്പടി സെന്റ്‌ മേരീസ്‌ ഇടവകാംഗമാണ്‌. വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജ്‌ കേന്ദ്രീകരിച്ച്‌ രോഗികളുടെ ഇടയില്‍ ആതുരശുശ്രൂഷ ചെയ്യുന്ന പ്രസ്‌ഥാനത്തിന്റെ മുഖ്യ ചുമതലക്കാരനാണ്‌. ദമാസ്‌കസില്‍ പരി. പാത്രിയര്‍ക്കിസ്‌ ബാവയെ സന്ദര്‍ശിച്ചശേഷം ശ്രേഷ്‌ഠ കാതോലിക്ക ബാവയും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ എന്നിവരും ഇന്ന്‌ മടങ്ങിയെത്തും. സഭാ മാനേജിംഗ്‌ കമ്മറ്റിയോഗം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ പുത്തന്‍കുരിശ്‌ പാത്രിയാര്‍ക്കാ സെന്ററില്‍ ചേരും. പുതിയ മെത്രാന്മാര്‍ക്ക്‌ മുബൈ, ഡല്‍ഹി ഭദ്രാസനങ്ങളുടെയും അങ്കമാലി ഭദ്രാസനത്തിലെ ഹൈറേഞ്ച്‌, കോതമംഗലം മേഖലകളുടെയും ചുമതല നല്‍കിയേക്കും.

2011 നവംബർ 30, ബുധനാഴ്‌ച

പുത്തന്‍കുരിശ് പള്ളി: ഓര്‍ത്തഡോക്‍സ്‌ വിഭാഗം റിവ്യു ഹര്‍ജി തള്ളി


  • കൊച്ചി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിയെ മതപരമായ പൊതു ട്രസ്റ്റായി കാണേണ്ടതുണ്ടെന്നും അതിനാല്‍ ചട്ടപ്രകാരമുള്ള അന്യായം മാത്രമേ അനുവദിക്കാനാവൂ എന്നും ജസ്റ്റിസ് വി. രാംകുമാറും ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിക്കുവേണ്ടി വികാരിയും കുര്യാക്കോസ് കുഴിവേലി ഉള്‍പ്പെടെ മറ്റ് രണ്ട് പേരും ചേര്‍ന്ന് ഒര്‍ത്തഡോക്‌സ് വിഭാഗത്തിന് വേണ്ടി നല്‍കിയ റിവ്യു ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ ഉത്തരവ്.
  • ഈ പള്ളി 1934-ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കോടതിയില്‍ നല്‍കിയിരുന്ന അന്യായം നിയമാനുസൃതം സമര്‍പ്പിക്കപ്പെട്ടതല്ലാത്തതിനാല്‍ എറണാകുളം പള്ളിക്കോടതി തള്ളിയിരുന്നു. പള്ളിക്കോടതിയുടെ ഈ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയും ചെയ്തു. ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ഹര്‍ജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്.
  • പള്ളിയില്‍ ഇടവകക്കാരല്ലാത്ത ക്രിസ്ത്യാനികള്‍ക്കും ആരാധന നടത്താമെന്ന് ഹര്‍ജിക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ചില പ്രത്യേക ചടങ്ങുകള്‍ക്ക് ഇടവകക്കാര്‍ക്ക് പ്രത്യേക അവകാശമുണ്ടെന്ന കാരണത്താല്‍ പൊതു ട്രസ്റ്റിനെ സ്വകാര്യ ട്രസ്റ്റായി കാണാനാവില്ലെന്ന് റിവ്യു ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
  • പൊതുട്രസ്റ്റുകളുടെ കാര്യത്തില്‍ അന്യായം നല്‍കാന്‍ സിവില്‍ നടപടിക്രമത്തിലെ 92-ാം വ്യവസ്ഥയനുസരിച്ച് കോടതിയുടെ അനുമതി വേണം. ഇത്തരത്തില്‍ 92-ാം വ്യവസ്ഥയനുസരിച്ച് അന്യായം നല്‍കാന്‍ ഹര്‍ജിക്കാര്‍ മടിക്കുന്നത് എന്തിനാണ് എന്ന് വ്യക്തമാകുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
  • ഭരണപരവും ഭൗതികവുമായ കാര്യങ്ങള്‍ക്കു പുറമേ പള്ളിയിലെ പ്രത്യേക ചടങ്ങുകളില്‍ നിന്നുകൂടി യാക്കോബായ സഭക്കാരെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതെന്തിനെന്നും മനസ്സിലാകുന്നില്ല. നേരത്തേ അപ്പീല്‍ തീര്‍പ്പാക്കിയതില്‍ പാകപ്പിഴയൊന്നും കാണുന്നില്ലെന്ന് വിലയിരുത്തിയാണ് കോടതി റിവ്യു ഹര്‍ജി പ്രാരംഭ ഘട്ടത്തില്‍ത്തന്നെ തള്ളിയത്.

2011 നവംബർ 23, ബുധനാഴ്‌ച

കോലഞ്ചേരി മെഡിക്കല്‍ കോളേജ്: അവകാശവാദമുന്നയിച്ച് യാക്കോബായ വിഭാഗം യോഗംചേര്‍ന്നു


കോലഞ്ചേരി: എംഒഎസ്ഇ മെഡിക്കല്‍ കോളേജ് ആസ്​പത്രി തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗം യോഗം ചേര്‍ന്നു. യാക്കോബായ ചാപ്പലിലായിരുന്നു യോഗം.
ആസ് ​പത്രിയുടെ നിര്‍മാണവേളയില്‍ വര്‍ഷങ്ങളോളം കെട്ടിയുണ്ടാക്കിയ ഷെഡില്‍ താമസിച്ച് ആസ്​പത്രിനിര്‍മാണത്തിനുവേണ്ടി താന്‍ കഷ്ടപ്പെട്ടിട്ടുള്ളതായി യോഗം ഉദ്ഘാടനം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. സഭാവിശ്വാസികളും അംഗങ്ങളുമായ ഓഹരി ഉടമകളുടെ യോഗത്തില്‍ സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായി.
സഭാ സെക്രട്ടറി തമ്പൂ ജോര്‍ജ് തുകലന്‍, ഫാ. വര്‍ഗീസ് ഇടുമാരി, ഷാജി ചുണ്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ ഒന്‍പത് അംഗ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ 14 ഗവേണിങ് ബോഡി അംഗങ്ങളും 179 ഓഹരി ഉടമകളും സംബന്ധിച്ചു.

കോലഞ്ചേരി: പിറവം ഉപതെരഞ്ഞെടുപ്പില്‍ പരസ്യമായ രാഷ്‌ട്രീയ നിലപാടു സ്വീകരിക്കില്ലെന്ന്‌ യാക്കോബായ സഭ. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും സമദൂരമാാണു സഭയ്‌ക്കുള്ളതെന്നും രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം സഭാംഗങ്ങള്‍ക്കുണ്ടെന്നും ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു.അനൂപ്‌ ജേക്കബിനെ സ്‌ഥാനാര്‍ഥിയാക്കണമെന്നു സഭ നിര്‍ബന്ധിച്ചിട്ടില്ല. തെരഞ്ഞെടുപ്പും സഭാതര്‍ക്കവും കൂട്ടിക്കുഴയ്‌ക്കുന്ന നീതി സഭയ്‌ക്കില്ല. വിവരവും കഴിവുമുള്ളയാളെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്കു കഴിവുണ്ട്‌. കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ സഭയ്‌ക്ക് ഒട്ടേറെ നന്മകള്‍ ചെയ്‌തിട്ടുണ്ട്‌, യു.ഡി.എഫ്‌. സര്‍ക്കാര്‍ നന്മകള്‍ ചെയ്യുമെന്നു കാത്തിരിക്കുകയാണ്‌. അറിയിച്ചു.എല്ലാ സര്‍ക്കാരുകളെയും കുറ്റപ്പെടുത്തുന്ന സമീപനമാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റേത്‌. ക്രിസ്‌തീയത നഷ്‌ടപ്പെടുന്നതാണു തര്‍ക്കം തീരാത്തതിനു കാരണം. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടുന്നതിന്‌ സര്‍ക്കാരിനു പരിമിതികളുണ്ടെന്നു ബാവ ചൂണ്ടിക്കാട്ടി.
സഭാതര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന കോടതി നിര്‍ദേശം മാനിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയ്യാറാകണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. 2001ല്‍ സുപ്രീം കോടതിയും 2010ലും 2011ലും ഹൈക്കോടതിയും സഭാതര്‍ക്കം കോടതിക്കുവെളിയില്‍ പരിഹരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എതിര്‍ വിഭാഗത്തിന്റെ നിഷേധാത്മക നിലപാടാണ് സഭാ സമാധാനത്തിന് തടസ്സമായി നില്‍ക്കുന്നതെന്ന് ബാവ ചൂണ്ടിക്കാട്ടി.
യാക്കോബായ സഭ ഇക്കാര്യത്തില്‍ എന്നും തയ്യാറായി മുന്നോട്ടുവന്നിട്ടുമുണ്ട്. സഭ എന്നും സമാധാനം കാംക്ഷിക്കുന്നു. അതിനാല്‍, തര്‍ക്കമുള്ള പള്ളികളില്‍ റഫറണ്ടം നടത്തി ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് പള്ളി വിട്ടുനല്‍കുവാന്‍ നടപടി വേണം. ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിഷേധാത്മക നിലപാടാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമായി നില്‍ക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല.
പള്ളിയും സ്വത്തുവകകളും ഇടവകവിശ്വാസികള്‍ സമ്പാദിച്ചിട്ടുള്ളതാണ്. പുത്തന്‍കുരിശ് പള്ളിയില്‍ യാക്കോബായ സഭയ്ക്ക് അനുകൂലമായ വിധിയാണുള്ളതെങ്കിലും മറുവിഭാഗത്തിനും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് സഭയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ ഭൂരിപക്ഷം വിശ്വാസികള്‍ക്കും ആരാധനയ്ക്ക് അവസരമില്ല. അവിടെ വൈദികസ്ഥാനികര്‍ക്കല്ല സഭയ്ക്കാണ് സ്റ്റാറ്റസ്‌കോ ആനുകൂല്യം ലഭിക്കേണ്ടത്. ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ മുന്‍ സര്‍ക്കാരിന്റെകാലത്ത് ഇരുവിഭാഗത്തിനും അഞ്ച് മണിക്കൂര്‍ വീതം അനുവദിച്ച് നല്‍കി.
വരുന്ന ജനുവരിയില്‍ നടക്കുന്ന   പെരുന്നാള്‍ദിനത്തിലും ഇരുവിഭാഗത്തിനും ആരാധനയ്ക്ക് അവസരമുണ്ടാക്കണമെന്ന് ബാവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയം ഉള്‍പ്പെടെയുള്ള നയങ്ങള്‍ തിരുത്തപ്പെടേണ്ടവയെങ്കില്‍ തിരുത്തണം. സഭയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും ബാവ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേതലക്കല്‍, മോന്‍സി വാവച്ചന്‍ എന്നിവരും സംബന്ധിച്ചു.